മൂട്ടാര്‍ പുഴയിലെ പെണ്‍കുട്ടിയുടെ മരണം; മൂകാംബികയിലും സനുമോഹനെ കണ്ടെത്താനായില്ല

single-img
18 April 2021

ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹനെ കണ്ടെത്താനായില്ല. മൂകാംബികയില്‍ നിന്ന് സനുമോഹന്‍ ഗോവയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. കൊല്ലൂരിലെ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞ സനുമോഹന് മൂകാംബികയില്‍ സുഹൃത്തുക്കളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

പതിമൂന്ന് വയ്യസുകാരി വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് കരുതുന്ന പിതാവ് സനുമോഹന്‍ ആറ് ദിവസമാണ് മൂകാംബികയിലുണ്ടായിരുന്നത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പല തവണ സനുമോഹന്‍ പുറത്തുപോയിട്ടുണ്ട്. ഇത് എവിടെയൊക്കെയായിരുന്നുവെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മൂകാംബികയില്‍ സനുമോഹന് അടുപ്പമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മൂകാംബിക ക്ഷേത്രത്തില്‍ ഇന്നലെയുണ്ടായ ജനതിരക്കും തെരച്ചിലിനെ ബാധിച്ചു. ഇന്ന് കൂടി മൂകാംബികയില്‍ ക്യാമ്പ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മൂകാംബികയ്ക്കടുത്തുള്ള വനമേഖലയിലടക്കം സനുമോഹനെ തേടി അന്വേഷണ സംഘമെത്തി. പൊലീസ് വലയിലാകുമെന്ന് തിരിച്ചറിഞ്ഞ സനുമോഹന്‍ ഗോവയിലേക്ക് കടന്നതായും സൂചനയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ സനുമോഹനെത്താന്‍ സാധ്യതയുള്ളതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരോട് സഹായം തേടികൊണ്ട് ഇമെയില്‍ അയച്ചിട്ടുണ്ട്.