വിവേകിന്റെ ആരോഗ്യം കുഴപ്പത്തിലാക്കിയത് കൊവിഡ് വാക്‌സിൻ; ആരോപണവുമായി മൻസൂർ അലി ഖാൻ

single-img
18 April 2021

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്തരിച്ച നടൻ വിവേകിന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലായിരുന്നെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം കുഴപ്പത്തിലാക്കിയത് കൊവിഡ് വാക്‌സിൻ ആണെന്നും ആരോപണവുമായി തമിഴ് നടൻ മൻസൂർ അലി ഖാൻ രംഗത്ത്.

വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്നും, നമ്മുടെ രാജ്യത്ത് കൊവിഡ് എന്നുപറയുന്ന ഒന്ന് ഇല്ലെന്നുമാണ് മൻസൂര്‍ പറയുന്നത്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിച്ചാല്‍ ആ നിമിഷം കൊവിഡ് ഇന്ത്യയിൽ കാണില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മൻസൂർ അലി ഖാന്റെ വാക്കുകൾ ഇങ്ങിനെ: ‘നമ്മുടെ നാട്ടില്‍ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിർബന്ധിച്ച് കൊവിഡ് വാക്‌സിൻ എടുപ്പിക്കുന്നത്. നാം സ്വീകരിക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കൊവിഡ് വാക്‌സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്.

ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഇപ്പോള്‍ നടത്തുന്ന കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ വല്ലാതെ പേടിപ്പിക്കുകയാണ്. ഞാൻ മാസ്‌ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്.

ഇതൊക്കെ ചെയ്തിട്ടും എനിക്ക് ഒന്നും വന്നില്ലല്ലോ. നമ്മള്‍ പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.ജനങ്ങള്‍ക്ക് സ്വൈര്യമായി ജോലിക്ക് പോകാൻ പറ്റുന്നുണ്ടോ ഇവിടെ. സിനിമയിൽ ആണെങ്കില്‍ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ.

ഇപ്പോള്‍ കൊവിഡ് വാക്‌സിൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്‌ക്കുന്നു. അങ്ങിനെയാണെങ്കില്‍ ഇൻഷുറൻസ് തരൂ. 100 കോടി ഇൻഷുറൻസ് നല്‍കൂ കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ കഴിയുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്‌ക്കും ഒരു ലക്ഷം വച്ച്‌ കൊടുക്ക്. അവർക്ക് ജീവിക്കണം…’