പുറത്തുനിന്നുള്ളവർക്ക് ആധാർ കാർഡില്ലാതെ പ്രവേശനമില്ലാത്ത ഒരു ഗ്രാമത്തെ അറിയാം

single-img
17 April 2021

തെലങ്കാനയിലുള്ള കാമറെഡ്‌ഡി ജില്ലയിലെ പെദ്ദ പോത്തംഗൽ എന്ന ഗ്രാമത്തില്‍ പ്രവേശിക്കണം എങ്കില്‍ പുറമേ നിന്നുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്‌. വെറും 2,500 ആളുകള്‍ മാത്രം ജീവിക്കുന്ന ഈ ഗ്രാമത്തിലെ ഭൂരിപക്ഷംപേരും കൃഷിക്കാരാണ്.

പ്രായമായ രക്ഷിതാക്കളെ വീട്ടിലാക്കി കൃഷിചെയ്യാൻ പോയി വൈകുന്നേരമാണ് ഇവിടെ വീട്ടിലുള്ളവർ ഒത്തുകൂടുക. ഈ ഗ്രാമത്തില്‍ എന്തുകൊണ്ടാണ് ആധാർ കാർഡ് ഇവിടെ നിർബന്ധം എന്നതിന് പിന്നിൽ ഒരു ചെറിയ കാര്യമുണ്ട്. നമുക്ക് അത് അറിയാം. വളരെ വർഷങ്ങൾക്കുമുമ്പ് കാവി വസ്ത്രധാരിയായ ഒരാൾ ശരീരത്തിൽ വിഭുതി പുരട്ടിയ ശേഷം ഗ്രാമത്തിൽ പ്രവേശിച്ചതായി നാട്ടുകാർ പറയുന്നു.

അദ്ദേഹം ഗ്രാമത്തിലെ ഒരു വീട്ടിൽ ചെന്ന് വയസ്സായ താമസക്കാരനോട് താൻ ഒരു പ്രശസ്ത സ്വാമിജി ആണെന്ന് പറഞ്ഞു. വഷ്ട്രവും രൂപം കണ്ട് അയാളെ വീട്ടിലെ വയസ്സായ കക്ഷി വന്നത് സ്വാമിജി ആണെന്നത് അംഗീകരിച്ചു. പിന്നാലെ ക്ഷേമം, നല്ല ആരോഗ്യം, സമ്പത്ത് വർദ്ധിപ്പിക്കൽ, മെച്ചപ്പെട്ട ഭാവി എന്നിവയ്ക്കായി ഒരു പൂജ നടത്താൻ സ്വാമിജി അവരോടു ആവശ്യപ്പെട്ടു. അതിന് വേണ്ടി അദ്ദേഹം ഗ്രാമീണനോട് സ്വർണ്ണാഭരണങ്ങൾ വാങ്ങാനും ദേവന്മാരുടെ ചില ഫോട്ടോകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടു.

പൂജ പൂര്‍ത്തിയാകുമ്പോള്‍ സ്വർണ്ണാഭരണങ്ങൾ ഇരട്ടിയാകുമെന്ന് സ്വാമിജി ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് സ്വാമിജി താമസിച്ചിരുന്ന വീട്ടിൽ പൂജ ആരംഭിക്കുകയും എല്ലാവരുടെയും ആഭരണങ്ങൾ അവിടെ നിക്ഷേപിക്കുകയും ചെയ്തു. പൂജതുടങ്ങിയ ശേഷം അല്‍പ സമയം കഴിഞ്ഞ് വീടിനകത്തേക്ക് കയറിയ ഗ്രാമീണർക്ക് സ്വാമിജിയെയോ തങ്ങൾ നൽകിയ സ്വർണമോ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ നടന്നത് വൻ തട്ടിപ്പാണ് എന്ന് ബോധ്യമായി.

ഈ സംഭവത്തിന്‌ പിന്നാലെ ഇത്തരത്തിൽ ഇനി തങ്ങള്‍ ഒരിക്കലും പറ്റിക്കപ്പെടരുത് എന്ന നിർബന്ധത്തിൽ ആധാർ കാർഡ് സമർപ്പിക്കൽ ആരംഭിച്ചത്. മറ്റ് പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ ഇപ്പോള്‍ ഗ്രാമത്തിന്റെ അതിർത്തിയിൽ തങ്ങളുടെ ആധാർ കാർഡ് സമർപ്പിക്കണം. ഇവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സൂക്ഷിയ്ക്കും. ആള്‍ ഗ്രാമത്തിലേക്ക് വന്ന കാര്യം അവസാനിച്ച് തിരിച്ചു പോവുമ്പോൾ ഈ കാർഡ് തിരികെ നല്‍കുകയും ചെയ്യും.

പുറമേ നിന്നുള്ളവര്‍ ആധാർ കാർഡ് നൽകി പെദ്ദ പോത്തംഗൽ ഗ്രാമത്തിൽ ആയിരിക്കുമ്പോഴും പൂര്‍ണ്ണമായ നിരീക്ഷണത്തിലായിരിക്കും. എന്തായാലും നിയമം നടപ്പാക്കിയതിനുശേഷം ഗ്രാമത്തിൽ മോഷണം, വഞ്ചന കേസുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികളുടെ അവകാശവാദം.