ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് 500 രൂപ പിഴ

single-img
17 April 2021

രാജ്യത്തെ ട്രയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്താൻ തീരുമാനം. നിലവിൽ 500 രൂപയാണ് പിഴ. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇന്ന് റെയിൽവേ പുറത്തിറക്കി.

ഇന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയന്ത്രണം. രാജ്യമാകെയുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കാനായി റെയിൽവേ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ പിഴ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ് പുതിയ നിയന്ത്രണം വന്നിട്ടുള്ളത്.

ട്രെയിൻ യാത്രയിലുടനീളം യാത്രികർ മാസ്‌ക് ധരിക്കണമെന്ന് സർക്കുലർ പറയുന്നു. എന്നാൽ, ട്രെയിനിൽ സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വാർത്ത വ്യാജമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.