താൻ ആരെയും അപമാനിച്ചിട്ടില്ല; തനിക്കെതിരെ നടക്കുന്നത് ക്രിമിനൽ പൊളിറ്റിക്കൽ ഗൂഢാലോചനയെന്ന് ജി സുധാകരൻ

single-img
17 April 2021
g sudhakaran

പേഴ്സണൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണം നിഷേധിച്ച് മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ഒരാളെയും താൻ അപമാനിച്ചിട്ടില്ല. ഇതൊരു ഗ്യാങാണ്. അതിൽ പല പാർട്ടികളിൽ ഉള്ളവരുണ്ടെന്നും ജി സുധാകരൻ ആരോപിച്ചു.

തനിക്കെതിരെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്‌മെന്റാണ് നടക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കുണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. മുന്‍ പേഴ്സണൽ സ്റ്റാഫ് അംഗം നൽകിയ പരാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. അതാരോടും വിളിച്ചു പറഞ്ഞിട്ടില്ല. യാതൊരു സാമ്പത്തിക ആരോപണത്തിനും വഴിവെച്ചിട്ടുമില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് താനെന്നും നന്നായി പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടി യില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു. തന്റെ കുടുംബത്തെക്കൂടി വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനാണ് ചിലരുടെ ശ്രമം. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. 

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് മന്ത്രി ജി.സുധാകരനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകിയത്. മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ  ജി.വേണുഗോപാലിന്റെ ഭാര്യ ശാലു സുരേഷാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി മുൻ അംഗമാണ് ശാലു.