വീണ്ടും വളര്‍ത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ക്രൂരത; രക്ഷപെടുത്തി പൊതുപ്രവർത്തകൻ

single-img
17 April 2021

മലപ്പുറം ജില്ലയിലെ എടക്കരയില്‍ വളര്‍ത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ക്രൂരത അരങ്ങേറി. ഇന്ന് വൈകുന്നേരമാണ് സ്‌കൂട്ടറിന്റെ പിന്നില്‍ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ഉമ്മർ എന്ന പൊതുപ്രവർത്തകൻ സ്കൂട്ടറിന് പിന്നാലെ എത്തിയാണ് നായയെ രക്ഷിച്ചത്. തുടർന്ന് നാട്ടുകാരും രംഗത്തെത്തിയതോടെ ഉടമ നായയെ മോചിപ്പിക്കുകയായിരുന്നു.

പിന്നാലെഉടമ നാട്ടുകാരുമായി കയർക്കുകയും ചെയ്തു. നായയെ താൻ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് നാട്ടുകാര്‍ക്ക് ഉടമ നല്‍കിയ മറുപടി. നായ ഒരു ശല്യമാണെന്നും ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവരെ കടിച്ചുമുറിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ വെളിയിൽവന്നതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായി നേരത്തെ ഓടുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവം ആലുവയിൽ നടന്നിരുന്നു