വ്യാമോഹം മാത്രം; വി മുരളീധരനെ വേട്ടയാടാന്‍ സി പി എമ്മിനെ അനുവദിക്കില്ല: കെ സുരേന്ദ്രന്‍

single-img
17 April 2021

കേന്ദ്രമന്ത്രിയായ വി മുരളീധരനെ വേട്ടയാടാന്‍ സി പി എമ്മിനെ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് പ്രതിരോധത്തില്‍ പൂർണ്ണമായി പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ മുരളീധരനെ ആക്രമിക്കുകയാണ്.

മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സി പി എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ കോവിഡ് മാനദണ്ഡങ്ങളും തെറ്റിച്ചതിനെ ചോദ്യം ചെയ്തതിനാണ് സി പി എം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്.

നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ലോക റെക്കോഡിലെത്തി നില്‍ക്കുമ്പോള്‍ വിഷയം വഴിമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.കോവിഡ്വ്യാപനത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് ഇപ്പോൾ കേരളമെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാര്‍ട്ടിക്കോട്ടയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരന്‍. മെയ് രണ്ട് കഴിഞ്ഞാല്‍ ഇന്ത്യാ ഭൂപടത്തില്‍ നിന്നും തന്നെ പുറംതള്ളപ്പെടാനിരിക്കുന്ന സി പി എമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപ്പാമ്പാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി ആര്‍ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.