തൃശൂര്‍ പൂരം; സര്‍ക്കാര്‍ ചെലവില്‍ 8 ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്ന 200 പേര്‍ക്ക് വീതം വാക്സിന്‍ നല്‍കും

single-img
16 April 2021

ഇക്കുറി തൃശൂർ പൂരത്തിന്റെ പങ്കാളികളായ 8 ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്ന 200 പേര്‍ക്ക് വീതം സൗജന്യ വാക്സീൻ നല്‍കാൻ സർക്കാർ തീരുമാനം. നിലവിൽ കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നീ 8 ഘടകക്ഷേത്രങ്ങളാണുളളത്.

ഇവയിൽ നിന്നും 50 പേർക്കു മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞതോടെ ആളുകളുടെ എണ്ണത്തിലുളള നിബന്ധന ജില്ല ഭരണകൂടം നീക്കുകയായിരുന്നു. വാക്സീൻ എടുത്ത എല്ലാവര്‍ക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

സാധാരണയായി ഓരോ ഘടകക്ഷേത്രങ്ങളും നൂറു പേരടങ്ങുന്ന മേളത്തിന് എൺപതിനായിരം രൂപ വരെയാണ് നൽകാറുള്ളത്. പക്ഷെ വലിയ തുക ആർടിപിസിആർ ടെസ്റ്റിനായി നൽകി പൂരത്തിൽ പങ്കെടുക്കുക അസാധ്യമാണെന്ന് ഘടകക്ഷേത്രങ്ങൾ പറഞ്ഞതോടെ സർക്കാർ ചെലവിൽ ഓരോ ഘടകക്ഷേത്രങ്ങളിലെ ഇരുന്നൂറു പേർക്കു വീതവും സൗജന്യമായി വാക്സീൻ നാളെ തൊട്ട് നൽകാൻ തീരുമാനം എടുക്കുകയായിരുന്നു. വാക്സീൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ള ആർക്കും പൂരത്തിൽ പങ്കെടുക്കാം.

ഇത്തവണ പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണം. പിട്ടദേവസം ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം.തൃശൂർ നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും.