ക്യൂബയിൽ റൗൾ കാസ്ട്രോ കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി സ്ഥാനം ഒഴിയുന്നു

single-img
16 April 2021

ക്യൂബന്‍ ജനതയുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് കരുതിന്നില്ല എങ്കിലും ദ്വീപിലെ ഏറ്റവും ശക്തമായ സ്ഥാനമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബയുടെ തലവന്‍ സ്ഥാനത്ത് നിന്നും റൗൾ കാസ്ട്രോ സ്ഥാനമൊഴിയുകയാണ്.

ക്യൂബയില്‍ 1959ല്‍ നടന്ന വിപ്ലവം മുതൽ കാസ്ട്രോയും അദ്ദേഹത്തിന്റെ സഹോദരൻ ഫിഡൽ കാസ്ട്രോയും അധികാരത്തിലുണ്ട്.നിലവില്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാമത്തെ കോൺഗ്രസ് ഇന്ന് ആരംഭിക്കും അതില്‍ പ്രസിഡന്റ് മിഗുവൽ ഡിയാസ്-കാനലിനെ അടുത്ത പാർട്ടി സെക്രട്ടറി ജനറലായി അംഗീകരിക്കുകയും നയ മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജമാക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

2021 ൽ താന്‍ വിരമിച്ച ശേഷം ഡിയാസ്-കാനൽ പകരക്കാരനാകുമെന്ന് 2018 ൽതന്നെ റൗൾ കാസ്ട്രോ അറിയിച്ചിരുന്നു. 60വയസുള്ള ഡിയാസ്-കാനൽ രാജ്യത്തെ പുതിയ തലമുറയെ പ്രതിനിധീകരിക്കുന്നു, അതേസമയം, ഈ വരുന്ന ജൂണിൽ 90 വയസ്സ് തികയുന്ന റൗൾ കാസ്ട്രോ മരിക്കുന്നതുവരെ ദ്വീപിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തുടരുമെന്ന് പല വിശകലന വിദഗ്ധരും കരുതുന്നു.