കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും വയനാട്ടിലെ 10 പ്രദേശങ്ങളിലും നിരോധനാജ്ഞ

single-img
16 April 2021

കൊവിഡ് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും വയനാട്ടിലെ 10 പ്രദേശങ്ങളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായി നിരോധിച്ചു. ഇവിടെ തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്.

ഇതോടൊപ്പം ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 വ്യാപിച്ചതെന്ന് കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഏതെങ്കിലും രീതിയിലുള്ള ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിപ്പിൽ പറഞ്ഞു. സമാനമായി വയനാട് ജില്ലയിലെ തിരുനെല്ലി, കണിയാമ്പറ്റ, നെന്മേനി, മേപ്പാടി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തുകളിലും, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ മുനിസിപ്പാലിറ്റികളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ ഉണ്ടാവുക.