ഈരാറ്റുപേട്ടയിൽ സൗന്ദര്യമുള്ള 47 പെൺകുട്ടികൾ ‘ലൗ ജിഹാദി‘ന് ഇരയായെന്ന് പിസി ജോർജ്ജ്

single-img
16 April 2021
PC George about "Love Jihad"

ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികൾ ‘ലൗ ജിഹാദിനി‘രയായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും പിസി ജോർജ് ആരോപിച്ചു. 

“ലൗ ജിഹാദിന് പിന്നില്‍ മുസ്ലീം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര് ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്‍ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലീം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളും ക്രിസ്ത്യൻ പെണ്‍കുട്ടികളും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല.“ പിസി ജോർജ് ആരോപിച്ചു.

സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്‌നം. പറഞ്ഞുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ.“ പിസി ജോര്‍ജ് പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
‘തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.’സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണ്’. സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

PC George about “Love Jihad”