മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രം: എ വിജയരാഘവന്‍

single-img
16 April 2021

സംസ്ഥാന നിയമസഭയിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം എൻഎസ്എസ് പറയുന്ന എല്ലാ കാര്യത്തിനും മറുപടി നൽകേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണ്. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ച് കൊണ്ടെയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറിയെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലാണ് ഇടതുമുന്നണി യോഗം ചേർന്നത്.

നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അവസ്ഥയും ചർച്ചയായി. രാജ്യസഭയിലേക്ക് രണ്ട് സീറ്റുകളിൽ ഇടതുമുന്നണിക്ക് വിജയിക്കാനാവും. അതിൽ സിപിഎം പ്രതിനിധികൾ മത്സരിക്കണമെന്നാണ് ഇടതുമുന്നണി തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതിയംഗം ഡോ വി ശിവദാസൻ, കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസുമാണ് മത്സരിക്കുക.