ഹൃദയാഘാതം; നടൻ വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

single-img
16 April 2021

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടൻ വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് നേരിട്ടതിനാൽ ചെന്നൈ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തു.

ഇന്ന് രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ ഇടത് കൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്.

ആശുപതിയിൽ ഏകദേശം ഒരു മണിക്കൂറോളം എടുത്താണ് ഡോക്‌ടർമാർ ആ ബ്ലോക്ക് മാറ്റിയത്. അതേസമയം, കോവിഡ് വാക്സിൻ സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും പരിശോധനയിൽ വിവേക് കോവിഡ് നെഗറ്റീവ് ആണെന്നും ഡോക്‌ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.