1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദനം; കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

single-img
16 April 2021

വിജിലന്‍സിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി കെ.എം  ഷാജി എംഎല്‍എ. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹാജരാവാന്‍ ഷാജിക്ക് കഴിഞ്ഞ ദിവസം വിജിലൻസ് നോട്ടീസ് നല്‍കിയിരുന്നു. 

എം.എല്‍.എ.യുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. അതേ സമയം അനധികൃത സമ്പാദ്യമാണെന്ന് പറയാന്‍ മാത്രമുള്ള അളവില്ലാത്തതിനാല്‍ പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശകറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു.

ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലന്‍സ് പിടിച്ചെടുത്ത 77 രേഖകള്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കും.

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Content Summary : 1.47 crore illegal acquisition of assets; Vigilance interrogates KM Shaji