കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍

single-img
15 April 2021

കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലും കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍. നേരത്തെ, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് അധികൃതരുടെ പ്രഖ്യാപനം. ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്ക് പിന്നാലെയാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറില്‍ വൈറസ് ബാധിച്ചത് 1500 ലധികം ആളുകള്‍ക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ബുധനാഴ്ച 525 കൊവിഡ് കേസുകളും ഹരിദ്വാറില്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറില്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്‌നാനില്‍ ഒരു ലക്ഷത്തോളം ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്‌കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവര്‍ ഒരുമിച്ച് കൂടിയത്. വിശ്വാസികള്‍ക്കൊപ്പം പതിനായിരക്കണക്കിന് പൂജാരികളും ഹരിദ്വാറില്‍ ഉണ്ട്.