ഗുജറാത്തിൽ മനുഷ്യർ ഈയാംപാറ്റകളെപ്പോലെ മരിച്ച് വീഴുന്നു; ശ്മശാനങ്ങളിൽ ദിവസവും സംസ്കരിക്കുന്നത് നൂറുകണക്കിന് മൃതദേഹങ്ങൾ

single-img
15 April 2021
gujarat covid death

അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് ബാധ രൂക്ഷമായി തുടരുന്നതായി റിപ്പോർട്ടുകൾ. കോവിഡ് ബാധയെ തടയുന്നതിനോ മരണനിരക്ക് കുറയ്ക്കുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട സംസ്ഥാന സർക്കാർ രോഗബാധയും മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകൾ പൂഴ്ത്തിവെയ്ക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പറയുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ സംസ്ഥാനമൊട്ടാകെ കോവിഡ് മൂലം മരണമടഞ്ഞത് 73 പേരാണ്. എന്നാൽ യഥാർത്ഥ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നാണ് ഗുജറാത്തിലെ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും സമൂഹമാധ്യമങ്ങളിലെ വീഡിയോകളും കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഗുജറാത്തിലെ അച്ചടി-ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങൾ സർക്കാർ കണക്കുകളിലെ പൊള്ളത്തരം തുറന്ന് കാട്ടുന്നുണ്ട്. ഔദ്യോഗിക കണക്കുകളും ശ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മൃതശരീരങ്ങളുടെ എണ്ണവും തമ്മിൽ അജഗജാന്തരമുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു.

sandesh report on ahmedabad covid death
അഹമ്മദാബാദിലെ കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കുകളുമായി വന്ന സന്ദേശ് റിപ്പോർട്ട്

സർക്കാർ കണക്കുകൾ പ്രകാരം തിങ്കളാഴ്ച അഹമ്മദാബാദിൽ മരിച്ചത് 20 പേരാണ്. എന്നാൽ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ മാത്രം അന്നേദിവസം 63 പേർമരിച്ചതായി പ്രമുഖ ഗുജറാത്തി ദിനപ്പത്രം സന്ദേശ് റിപ്പോർട്ട് ചെയ്യുന്നു. സിവിൽ ആശുപത്രിയിലെ 1200 ബെഡുകളുള്ള കോവിഡ് വിഭാഗത്തിന് മുന്നിൽ ക്യാംപ് ചെയ്യുന്ന തങ്ങളുടെ റിപ്പോർട്ടർമാർ പുറത്തേയ്ക്ക് പോകുന്ന ഒരോ മൃതശരീരവും എണ്ണിയാണ് ഈ കണക്ക് ശേഖരിച്ചതെന്ന് പത്രം അവകാശപ്പെടുന്നു.

എല്ലാ നഗരങ്ങളിലെയും ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി ബന്ധുക്കൾ ക്യൂ നിൽക്കുന്ന അവസ്ഥയാണുള്ളത്. സൂറത്തിലെ കുരുക്ഷേത്ര ശ്മശാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു ദിവസം ശരാശരി 100 മുതൽ 110 മൃതദേഹങ്ങൾ വരെ ദഹിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിബിസി ന്യൂസ് ഗുജറാത്തി റിപ്പോർട്ട് ചെയ്യുന്നു. ആറ് ഗ്യാസ് ഫർണസുകളുള്ള ഈ ശ്മശാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ഫർണസുകളുടെ ചിമ്മിനി ഉരുകുന്ന സാഹചര്യമുണ്ടായെന്നും ശ്മശാനം സൂക്ഷിപ്പുകാർ പറയുന്നു. ഗ്യാസ് ഫർണസുകൾ കൂടാതെ വിറക് കൊണ്ടുള്ള ചിതകളും തീർത്താണ് ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. സൂറത്തിലെ അശ്വിനികുമാർ ശ്മശാനത്തിൽ മാത്രം പത്തുദിവസം കൊണ്ട് 1090 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗർ, സൂറത്ത് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഓരോ ശ്മശാനങ്ങളിലും 30 മുതൽ നൂറുവരെ മൃതദേഹങ്ങൾ വരെ ദിവസവും സംസ്കരിക്കുന്ന സാഹചര്യമാണുള്ളതെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

മൃതദേഹങ്ങളുടെ എണ്ണം കൂടുതലായതിനാൽ ആംബുലസുകളിൽ മൃതദേഹങ്ങൾ അടുക്കിവെച്ചാണ് ശ്മശാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ കാത്ത് നിന്നതിന് ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിക്കുന്നത്. പലയിടങ്ങളിലും ഉണങ്ങിയ വിറക് ലഭിക്കാത്തതിനാൽ പച്ചവിറകിൽ ഡീസലും മണ്ണെണ്ണയും ഒഴിച്ചാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ശ്മശാനങ്ങളിൽ ക്യൂ നിൽക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ പൊതുമൈതാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരികുന്ന സാഹചര്യവുമുണ്ട്.

പലനഗരങ്ങളിലും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി സർക്കാർ പുതിയ ശ്മശാനങ്ങൾ ആരംഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഭറൂച്ചിൽ ഇത്തരത്തിൽ ആരംഭിച്ച ഒരു ശ്മശാനത്തിൽ ഒരു ദിവസം 20 മുതൽ 25 മൃതശരീരങ്ങൾ സംസ്കരിക്കുന്നതായി പ്രാദേശികചാനൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഭറൂച്ചിലെ കഴിഞ്ഞ മാസത്തെ മരണസംഖ്യ 5 ആണ്.

അഹമ്മദാബാദ്, രാജ്കോട്ട് തുടങ്ങിയ വൻനഗരങ്ങളിൽപ്പോലും ആശുപത്രികൾക്ക് മുന്നിൽ രോഗികളുമായി വന്ന ആംബുലൻസുകൾ ക്യൂ നിൽക്കുകയാണ്. രോഗികളെ പ്രവേശിപ്പിക്കാൻ ബെഡുകൾ ഒഴിവില്ലാത്തതിനാൽ 18 അണിക്കൂർ വരെയാണ് ആംബുലൻസുകൾ ആശുപത്രികൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ വലിയ ജനരോഷമാണുണ്ടാകുന്നത്. മാധ്യമങ്ങളും സർക്കാരിൻ്റെ ഈ അനാസ്ഥയെ വിമർശിക്കുന്നുണ്ട്.