‘ഒട്ടകം ഗോപാലന്‍’ എന്ന വിളി ആസ്വദിക്കാറുണ്ട്; ആ പേര് എങ്ങനെ കിട്ടിയെന്ന് തുറന്നുപറഞ്ഞ് ഗോപാലകൃഷ്ണന്‍

single-img
15 April 2021

തനിക്ക് എങ്ങിനെയാണ് ഒട്ടകം ഗോപാലന്‍ എന്ന പേര് സോഷ്യല്‍മീഡിയ നൽകിയതെന്ന് തുറന്ന് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മലയാളത്തിലെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മക്കയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു എന്നതിന് പകരം സൗദിയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു എന്ന് അബദ്ധത്തിൽ പറയുകയുണ്ടായി.

ഇതിന്റെ പിന്നാലെയാണ് ട്രോളന്‍മാര്‍ തന്നെ ഒട്ടകം ഗോപാലന്‍ എന്ന വിളിച്ചു തുടങ്ങിയതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. എന്തായാലും ഒട്ടകം ഗോപാലന്‍ എന്ന വിളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും പക്ഷെ ട്രോളുകളെയും പരിഹാസത്തെയും അവഗണിക്കുന്നതാണ് തന്റെ പതിവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഗോപാലകൃഷ്ണന്റെ വാക്കുകള്‍ ”ഒട്ടകത്തിനെ മക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു എന്റെ കൈയില്‍ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയില്‍ അവിടെ ഒട്ടകത്തെ അറുക്കാന്‍ പാടില്ല. ഞാന്‍ ആ ഒരു സമയത്ത് അക്കാദമിക്കലായ ഒരു റിപ്പോര്‍ട്ടുമായിട്ടാണ് ചര്‍ച്ചക്ക് പോകുന്നത്. ക്യൂബയില്‍ സമാനമായി പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ്
അന്ന് പറഞ്ഞത്.”

”പക്ഷെ ചര്‍ച്ചയില്‍ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. വളരെ സ്പീഡില്‍ പറയുന്നതല്ലേ. മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളില്‍ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. നമ്മള് ഇവര്‍ക്ക് എല്ലാവര്‍ക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തര്‍ക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോള്‍ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്. എന്നാല്‍ആ നാവിന്റെ പിഴ ഒരു സെക്കന്റ് കഴിഞ്ഞപ്പോഴാണ് മനസിലായത്.

അത് അപ്പോള്‍ തന്നെ സൗദി അറേബ്യയിലെ മക്കയില്‍ എന്ന് തിരുത്തി പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ ഫോണില്‍ ഒട്ടകത്തിന്റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ ട്രോളുകള്‍ വരാന്‍ തുടങ്ങി.- അദ്ദേഹം പറഞ്ഞു.