കൊവിഡ് വ്യാപനം; രാജ്യ തലസ്ഥാനം മിനി ലോക്ക്ഡൗണിലേക്ക്

single-img
15 April 2021

കൊവിഡ് രണ്ടാം തരംഗം വ്യാപിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി മിനി ലോക്ക് ഡൗണിലേക്ക്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹിയില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് വാരാന്ത്യ ലോക്ക് ഡൗണ്‍. മാളുകള്‍, ജിമ്മുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടും. ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കൂ. ഒരു മുന്‍സിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റ് മാത്രം തുറക്കാനാണ് അനുമതി.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഇ-പാസ് നല്‍കും. ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമമുണ്ടെന്ന് ആരോപണം മുഖ്യമന്ത്രി തളളി. 5000 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.