രണ്ട് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങും

single-img
15 April 2021

പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് രണ്ട് ലക്ഷം കടന്നു. പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസുകള്‍ ഇന്നലെ 2,00,739 പേര്‍ക്ക് സ്ഥിരീകരിക്കുകയും 1038 പേരുടെ മരണവും സ്ഥിരീകരിച്ചു. കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുകയാണ്

പര്യാപ്തമായ ചികിത്സയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൌകര്യവും ഒരുക്കാനാകാതെ ഗുജറാത്ത്, ഛത്തിസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങള്‍ വലയുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.

അതേ സമയം കോവിഡ് രോഗികള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ നിലവില്‍വന്നു. ഇന്നലെ രാത്രി എട്ടുമണി മുതല്‍ മേയ് ഒന്നുവരെയാണ് നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുക കടകള്‍ മാത്രം തുറക്കും. അവശ്യസര്‍വീസുകള്‍ക്കും നിയന്ത്രണമില്ല. രാജ്യത്ത് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.

അതേ സമയം സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങുന്ന അവസ്ഥയാണുള്ളത് ആവശ്യത്തിന് കോവീഷീല്‍ഡ് വാക്സീനില്ലാത്തതാണ് കാരണം. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് തീര്‍ന്നു. ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. 

ഇന്ന് കൂടുതല്‍ വാക്സീന്‍ എത്തിയാല്‍ നാളെ മുതല്‍ ക്യാംപുകള്‍ തുടങ്ങും. രണ്ട് ലക്ഷം ഡോസ് കോവാക്സീന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി. എന്നാൽ തുടര്‍ലഭ്യത സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാല്‍ ക്യാംപുകളിൽ വാക്സിനേഷനു ഉപയോഗിക്കില്ല. അതേസമയം, ഇന്ന് അഞ്ചരലക്ഷം ഡോസ് വാക്സീന്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Summary : Crossed Two lakh daily Covid cases in India; Vaccine Shortage, Mega vaccination will stop in Kerala