പ്രണയം നടിച്ച് മകളെ വഞ്ചിച്ചു; പിതാവ് മകളുടെ മുന്‍കാമുകന്റെ വീട്ടില്‍ക്കയറി ആറുപേരെ വെട്ടിക്കൊന്നു

single-img
15 April 2021

ആന്ധ്രാപ്രദേശിലെ ജുട്ടഡയില്‍ ആറ് പേരെ വെട്ടിക്കൊന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ബി. അപ്പാലരാജുവാണ് കൊല ചെയ്തത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മകളെ ചതിച്ചതിന് പ്രതികാരം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

ജുട്ടഡയില്‍ താമസിക്കുന്ന ബി.രമണ(60) ബി. ഉഷാറാണി(35) എ.രമാദേവി(53) എന്‍.അരുണ(37) ബി.ഉദയ്കുമാര്‍(രണ്ട്) ബി.ഉര്‍വിശ(ആറ് മാസം) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗമായ വിജയ് എന്നയാളെ തിരഞ്ഞാണ് അപ്പാലരാജു വീട്ടിലെത്തിയത്. എന്നാല്‍ സംഭവസമയത്ത് വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റുള്ളവരെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

അപ്പാലരാജുവിന്റെ മകളെ വിജയ് പ്രണയിച്ച് വഞ്ചിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ മകളും അയല്‍ക്കാരനായ വിജയിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വിജയ് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വിജയ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കുടുംബത്തോടെ വിജയവാഡയിലേക്ക് താമസം മാറി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.