ആക്രികടയില്‍ വിറ്റത് ഉപയോഗിച്ച പോസ്റ്റര്‍ മാത്രം; ചില റിബൽ നേതാക്കൾ തന്നെ കുരുക്കിയത്; വി. ബാലു

single-img
14 April 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രികടയില്‍ വിറ്റത് ഉപയോഗിച്ച പോസ്റ്റര്‍ മാത്രമാണെന്ന്, പോസ്റ്റര്‍ വിവാദത്തില്‍ നടപടി നേരിട്ട കോണ്‍ഗ്രസ് നേതാവ് വി. ബാലു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ റിബലായി നിന്നവരെ പിന്തുണയ്ക്കാത്തതിന്റ പേരില്‍ ഒരു കൂട്ടം നേതാക്കള്‍ തന്നെ കുരുക്കിയതാണന്നും മണ്ഡലം ട്രഷറര്‍ കൂടിയായ ബാലു പറഞ്ഞു. പോസ്റ്റര്‍ വിറ്റത് വിവാദമായതോടെ നാടുവിട്ട ബാലു ഇന്നലെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ കൊടുത്ത വീണ എസ് നായരുടെ പോസ്റ്റര്‍ കെട്ടുപോലും പൊട്ടിക്കാതെ ബാലു ആക്രികടയില്‍ കൊണ്ടുപോയി വിറ്റെന്നായിരുന്നു ഡി.സി.സിയുടെ കണ്ടെത്തല്‍. എന്നാല്‍ സത്യം അതല്ലെന്നും ഉപയോഗിച്ച പോസ്റ്ററാണ് താൻ വിട്ടതെന്നും ബാലു പറയുന്നു. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നന്ദന്‍കോട് വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥിയെ പിന്തുണക്കാത്തതിന്റ പേരില്‍ ഒരു കൂട്ടര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടെന്നും അവരാണ് ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ച് തന്നെ കുറ്റക്കാരനാക്കിയതെന്നും ബാലു. 

കെ.പി.സി.സിയുടെ അന്വേഷണത്തോട് സഹകരിക്കും.അവര്‍ യാഥാര്‍ഥ്യം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. തനിക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് േപടിച്ചാണ് നാടുവിട്ടതെന്നും ബാലു പറയുന്നു.