രാജിവെച്ചശേഷവും ഒളിച്ചുകളിച്ച് കെ.ടി. ജലീൽ

single-img
14 April 2021

രാജിവെച്ച മന്ത്രിയെ കാണ്മാനില്ല; സ്വർണക്കടത്ത് കേസിൽ കസ്റ്റംസും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ കാണിച്ച അതേ ഒളിച്ചുകളി രാജിവെച്ചശേഷവും കെ.ടി. ജലീൽ തുടരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ താൻ രാജിക്കത്ത് നൽകിയ കാര്യം അറിയിച്ചശേഷം അദ്ദേഹം എങ്ങോട്ടുപോയെന്നത് ആർക്കും അറിയില്ല. പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഇതിന് കൃത്യമായ മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കും കിട്ടിയില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് തന്റെ ഗൺമാന്റെ കൈവശമാണ് ജലീൽ രാജിക്കത്ത് കൊടുത്തുവിട്ടത്. മാധ്യമപ്രവർത്തകർ എത്തുമ്പോൾ കന്റോൺമെന്റ് വളപ്പിൽ ജലീലിന്റെ മന്ത്രിമന്ദിരത്തിനുമുന്നിൽ ഔദ്യോഗികവാഹനം ഉണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മന്ത്രി വിശ്രമത്തിലാണെന്നായിരുന്നു ചില പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞത്. എന്നാൽ, അദ്ദേഹം സ്വകാര്യകാറിൽ പുറത്തേക്കുപോയെന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പറഞ്ഞു.

രാജിവെക്കുന്ന മന്ത്രിമാർ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയുണ്ട്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായില്ല. ജലീൽ തലസ്ഥാനത്ത് തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹം രാത്രിയോടെ സ്വദേശത്തേക്കു മടങ്ങാനാണു സാധ്യതയെന്നു പറഞ്ഞു.