ഇന്ത്യയെ കശക്കിയെറിഞ്ഞ് കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഇന്നലെ മാത്രം 1,84,372 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
14 April 2021

രാജ്യത്തെ കശക്കിയെറിഞ്ഞ് കോവിഡ് രോഗ ബാധിതർ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1027പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 88.92 ശതമാനമായി കുറഞ്ഞു. ഇന്നലെ രോഗമുക്തരായത് 82,339 പേര്‍. 

ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൃതദേഹങ്ങൾ നിറഞ്ഞ മോർച്ചറികളും ശ്മശാനങ്ങളും, രോഗികളെ കൊണ്ട് വന്ന ആംബുലൻസുകൾ ആശുപത്രികൾക്ക് പുറത്ത് നിരയായി കാത്ത് നിൽക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

മഹാരാഷ്ട്രയിൽ 60,212 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദശിൽ 18,021 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 85 പേർ മരിച്ചു. ഛത്തീസ്ഗഡിൽ 15,121 പുതിയ രോഗികളും 109 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 13,468 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാം തരംഗം ഏറ്റവുമധികം പിടിമുറിക്കിയ മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര അവശ്യ സർവീസുകൾ അല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. അവശ്യ ജീവനക്കാർക്കു മാത്രമായി പൊതുഗതാഗതം നിജപ്പെടുത്തും. അടിയന്തര സാഹചര്യമുയർന്നാൽ മാത്രമേ സാധാരണക്കാർക്കു സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കൂ.