ഗുരുതര ലക്ഷണങ്ങളൊന്നുമില്ലാത്ത സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും ആശുപത്രി കിടക്ക കയ്യേറുന്നു: ആക്ഷേപവുമായി മഹാരാഷ്ട്ര ടെക്‌സ്‌റ്റൈൽ മന്ത്രി അസ്‌ലം ഷെയ്ഖ്

single-img
14 April 2021

സംസ്ഥാനത്ത് കോവിഡ് ബാധയുടെ ഗുരുതരമായ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും പ്രധാന ആശുപത്രികളിലെ കിടക്കകൾ ‘കയ്യേറി’യിരിക്കുകയാണെന്ന ആക്ഷേപവുമായി മഹാരാഷ്ട്ര ടെക്‌സ്‌റ്റൈൽ മന്ത്രി അസ്‌ലം ഷെയ്ഖ്. സിനിമാ മേഖലയിലെ വ്യക്തികളും ക്രിക്കറ്റ് താരങ്ങളുമാണു പ്രധാന സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ കൂടുതൽ കാലം കൈവശം വയ്ക്കുന്നതെന്ന് മുംബൈയുടെ ചുമതലയുള്ള മന്ത്രി കൂടിയായ ഷെയ്ഖ് ആരോപിച്ചു.

ഇവർ സ്വയം സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നേടുകയും കൂടുതൽ കാലം കിടക്കകൾ കൈവശം വയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇവർ ആശുപത്രികളിൽ പ്രവേശനം നേടുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ, അടിയന്തര ചികിത്സ ആവശ്യമുള്ള മറ്റു കോവിഡ് ബാധിതരെ ചികിത്സിക്കാൻ സംസ്ഥാനത്തിന് കഴിയുമായിരുന്നു – മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കേസുകൾ വർധിച്ചതോടെ, കിടക്കകൾ വർധിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണു സർക്കാർ. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മുംബൈയിൽ മൂന്ന് ജംബോ കോവിഡ് ആശുപത്രികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.