ഹൈദർ അലി വിദേശിയല്ല, ഇന്ത്യാക്കാരൻ: അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണലിനെ തിരുത്തി ഹൈക്കോടതി

single-img
13 April 2021
haider ali guwahati highcourt

അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് മുദ്രകുത്തിയ ആൾ ഇന്ത്യാക്കാരനെന്ന് ഗുവാഹത്തി ഹൈക്കോടതി. അസം സ്വദേശിയായ ഹൈദർ അലിയുടെ ഇന്ത്യൻ പൗരത്വമാണ് നിർണ്ണായകമായ ഒരു വിധിന്യായത്തിലൂടെ ഗുവാഹത്തി ഹൈക്കോടതി അംഗീകരിച്ചത്. ഫോറിനേഴ്സ് ട്രൈബ്യൂണലിൻ്റെ വാദങ്ങളെ ഹൈക്കോടതി തള്ളി.

അസമിൽ 1971-ന് ശേഷം കുടിയേരിയവരെയാണ് വിദേശികളായി പരിഗണിക്കുന്നത്. കാവൈമാരി ഗ്രാമത്തിലെ സർതേബാരി സ്വദേശിയായ ഹൈദർ അലിയെ 2019 ജനുവരി 30-നാണ് ബാർപേട്ടയിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ ഓഫീസ് വിദേശികളുടെ പട്ടികയിലുൾപ്പെടുത്തിയത്. ട്രൈബ്യൂണൽ നോട്ടീസ് നൽകിയാൽ 1971-ന് മുൻപ് തൻ്റെ പൂർവ്വികർ അസമിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നു എന്ന് തെളിയിച്ചാൽ മാത്രമേ അവരെ ഇന്ത്യൻ പൗരന്മാരായി ട്രൈബ്യൂണൽ അംഗീകരിക്കുകയുള്ളൂ. എന്നാൽ തൻ്റെ ചില ബന്ധുകളുമായുള്ള ബന്ധം രേഖാമൂലം തെളിയിക്കാൻ ഹൈദർ അലിയ്ക്ക് കഴിഞ്ഞില്ലെന്നാരോപിച്ചായിരുന്നു ട്രൈബ്യൂണൽ ഇദ്ദേഹത്തെ “വിദേശി“യാക്കിയത്.

ട്രൈബ്യൂണലിൻ്റെ നോട്ടീസ് കിട്ടിയ ഹൈദർ അലി 2018 ജൂൺ 11-ന് ട്രൈബ്യൂണലിന് മുന്നിൽ ഹാജരാകുകയും തൻ്റെ കൈപ്പടയിലുള്ള സത്യവാങ്മൂലവും ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖകളും ഹാജരാക്കുകയും ചെയ്തു. തൻ്റെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും പേരുള്ള 1965-ലെയും 1970-ലെയും വോട്ടർ പട്ടികകളും തൻ്റെ മാതാപിതാക്കളുടെ പേരുള്ള 1988-ലെയും 1997-ലെയും 2010-ലെയും വോട്ടർ പട്ടികകളും ഹൈദർ അലി ഹാജരാക്കി. കൂടാതെ തൻ്റെ ഹൈസ്കൂൾ സർട്ടിഫിക്കറ്റ്, ഗ്രാമത്തലവൻ്റെ സർട്ടിഫികറ്റ് എന്നിവയും ഹാജരാക്കി. തൻ്റെ പിതാവ് ഹർമുസ് അലി, അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ നാദു മിയ, അയ്മോന നെസ്സ എന്നിവരുമായുള്ള ബന്ധം സ്ഥാപിക്കുന്ന രേഖകളായിരുന്നു ഇവയെല്ലാം.

എന്നാൽ 1970-ലെ വോട്ടർ പട്ടികയിലുള്ള ഹർമുസ് അലിയുടെ സഹോദരങ്ങളുമായുള്ള (ഹൈദർ അലിയുടെ രണ്ട് അമ്മായിമാരും മൂന്ന് പിതൃസഹോദരന്മാരും)ബന്ധം ശരിയായി സ്ഥാപിക്കാൻ ഈ രേഖകൾക്ക് കഴിഞ്ഞില്ലെന്നാരോപിച്ചായിരുന്നു ഹൈദർ അലിയുടെ പൗരത്വം ഫോറിനേഴ്സ് ട്രൈബ്യൂണൽ നിഷേധിച്ചത്.

എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 30-ന് ഗുവാഹത്തി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ട്രൈബ്യൂണലിൻ്റെ ഈ ഉത്തരവ് റദ്ദ് ചെയ്തു. ഹൈദർ അലി വിദേശിയല്ലെന്നും ഇന്ത്യാക്കാരനാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് എൻ കോടീശ്വർ സിങിൻ്റേതായിരുന്നു വിധി.

തൻ്റെ പിതാമഹരുമായുള്ള ബന്ധം സ്ഥാപിക്കുന്ന പട്ടികയിലുള്ള മറ്റ് ബന്ധുക്കളുമായുള്ള ബന്ധം സ്ഥാപികാൻ കഴിയാത്തതിൻ്റെ പേരിൽ ആ രേഖ അസാധുവാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തൻ്റെ കുടുംബത്തിലെ എല്ലാവരുടെയും വിവരങ്ങളും രേഖകളും കൊടുത്താൽ അത് തെളിവിന് കൂടുതൽ ബലമേകും എന്നത് വാസ്തവമാണ്. എന്നാൽ അത് കൊടുക്കാത്തതിൻ്റെ പേരിൽ കൊടുത്ത തെളിവുകളുടെ വിശ്വാസ്യത ഇല്ലാതാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Gauhati High Court junks Assam tribunal order labelling man a ‘foreigner’