മന്‍സൂര്‍ കൊലപാതകത്തിന്റെ അവസാനവട്ട തയാറെടുപ്പിന് പ്രതികൾ ഒത്തുചേരുന്ന ദൃശ്യം പുറത്ത്

single-img
13 April 2021

മന്‍സൂര്‍ കൊലപാതകത്തിലെ പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണം സംഘം ഇത് പരിശോധിക്കുകയാണ്. കൊലപാതകത്തിന്റെ അവസാനവട്ട തയാറെടുപ്പു നടത്തിയത് ഇവിടെയാണെന്നാണു വിലയിരുത്തല്‍. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ട്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മന്‍സൂറിന്‍റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ മറ്റ് പലരെയും വിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കൂടാതെ പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്‍റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നുള്ളതാണ് രേഖകളാണ് പുറത്തുവന്നത്. എന്നാല്‍ ദൃശ്യങ്ങളിലുള്ള ആളുകളെ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മന്‍സൂറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. 

സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ടെന്ന് മന്‍സൂറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ അതിലുള്ളവരെ കസ്റ്റഡിയിലെടുത്താല്‍ കേസന്വേഷണത്തില്‍ വ്യക്തത വരുമെന്നും മന്‍സൂറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.