വ്യാപക ക്രമക്കേട്; പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ച് ചെന്നിത്തല

single-img
13 April 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു.

സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിതരണം ചെയ്തവയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

‘തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടുണ്ടായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റര്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം. ‘- ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

അതിനു പുറമേ റിട്ടേണിങ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആകെ 80 വയസ് കഴിഞ്ഞ വോട്ടര്‍മാരെ ഉദ്ദേശിച്ച് എത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്രയെണ്ണം ബാക്കിയായി, റിട്ടേണിങ് ഓഫീസര്‍മാരുടെ പക്കല്‍ എത്രയെണ്ണം ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും പുറത്തുവിടണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.