ലോകാരോഗ്യ സംഘടനയുടെ അനുമതിയുള്ള എല്ലാ വാക്സിനുകളും ഉപയോഗിക്കാം; വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

single-img
13 April 2021

രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തരമായി ഉപയോഗാനുമതി നൽകിയ എല്ലാ വാക്സിനുകൾക്കും ഇന്ത്യയിൽ ഇനിമുതല്‍ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ. വി.കെ.പോൾ അറിയിച്ചു.

ഇതോടൊപ്പം തന്നെ ജോൺസൺ ആൻറ് ജോൺസണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പക്ഷെ ആദ്യ 100 ഉപയോക്താക്കളിൽ പരീക്ഷണം നടത്തിയ ശേഷം മാത്രമേ വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കൂ എന്ന് കേന്ദ്രം അറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് എന്നിവയ്ക്ക് മാത്രമാണ് ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

ഇവയ്ക്ക് പുറമേ കഴിഞ്ഞ ദിവസം റഷ്യൻ വാക്‌സിനായ സ്പുടനിക്കിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു