ബന്ധുനിയമനവിവാദം: മന്ത്രി കെടി ജലീൽ രാജിവെച്ചു

single-img
13 April 2021
kt jaleel resigned

മന്ത്രി കെ.ടി. ജലീൽ രാജിവച്ചു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോർട്ടിന് പിന്നാലെയാണ് രാജി.  മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു.

ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം നടക്കുമ്പോഴാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. രാജിവക്കണം എന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരിയാണ് ജലീലിനെ അറിയിച്ചത്. കോടിയേരിയുമായുള്ള കൂടിക്കാഴ്ച്ചയിലും ഹൈക്കോടതിയിലെ ഹർജിയുടെ കാര്യം ജലീൽ സൂചിപ്പിരുന്നു. പക്ഷെ രാജി അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പാർട്ടി തീരുമാനം എന്ന് കോടിയേരി വ്യക്തമാക്കി. ഇതോടെ ഹൈക്കോടതി തീരുമാനം കാക്കാതെ രാജി കത്ത് നല്‍കുകയായിരുന്നു. രാജിവച്ചത് നല്ല തീരുമാനമെന്ന് പി ജയരാജന്‍ പ്രതികരിച്ചു.

 ഏറെ വൈകാരികമായിട്ടാണ് രാജിവച്ച വിവരം മന്ത്രി അറിയിച്ചത്. എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. കൊല്ലാം.. പക്ഷേ തോല്പിക്കാനാവില്ല. ലവലേശം തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമബോധ്യമുണ്ടെന്നും ജലീൽ പ്രതികരിച്ചു.

പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസന കോർപറേഷനിൽ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധുനിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പികെ ഫിറോസ് 2018 നവംബർ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെടി ജലീല്‍ ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അദീബിൻ്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. 

മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചത്.

Kerala Minister KT Jaleel resigns after Lokayukta finds him guilty of nepotism