ഒളിവിൽ കഴിയവേ പ്രതികൾ തമ്മിൽ വാക്കു തർക്കമുണ്ടായി; രതീഷിന്‍റെ മരണത്തിൽ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

single-img
12 April 2021

മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു

അതേസമയം കേസിൽ അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയൽവാസികൾ പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്‍റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കേസ് ആദ്യം അന്വഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർ കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തിയിലെ പാർട്ടി സ്വാധീന മേഖലകളിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

രതീഷിന്റെ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർമാരുടെ സംഘത്തിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. റൂറൽ എസ്പി കോഴിക്കോട് മെഡി.കോളേജിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രതീഷ് മരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിന് സമീപം പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. മറ്റ് പ്രതികൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വടകര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തുന്നത്. 

ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. പ്രതിയുടെ മരണത്തിലെ ദുരുഹത പ്രത്യേകമായി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.