ഇന്ന് എത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാംപെയ്ൻ പ്രതിസന്ധിയിൽ; വാക്സീന്‍ സ്റ്റോക് രണ്ടുദിവസത്തേക്കുമാത്രം ആരോഗ്യമന്ത്രി

single-img
12 April 2021

കേരളത്തിൽ വാക്‌സിൻ ക്ഷാമം, രണ്ടു ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്സീൻ ഡോസുകൾക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വാക്സിൻ എത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാംപെയ്ൻ പ്രതിസന്ധിയിലാകുമെന്നും മന്ത്രി അറിയിച്ചു. താൽക്കാലിക ക്രമീകരണത്തിന്‍റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളിൽ നിന്നും മറ്റിടങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യമാണെന്നും കനത്ത ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പഞ്ചായത്ത് തല പ്രതിരോധം ശക്തമാക്കും. വാർഡ് തലത്തിലുള്ള കോവിഡ് പ്രതിരോധസമിതികളും ശക്തമാക്കും.  കൂടാതെ രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. ഗുരുതര പ്രശ്നങ്ങളുള്ള രോഗികൾ ഉണ്ടെങ്കിൽ അവർക്ക് ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള കോവിഡ് ആശുപത്രിയിൽ എത്തിക്കണം. 

കോവിഡിന്റെ കർവ് ക്രഷ് ചെയ്യാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഏത് പ്രദേശത്താണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടൽ നടത്തും. പരിശോധന കുറഞ്ഞ സ്ഥലങ്ങളിൽ അവ വർധിപ്പിക്കും. ക്വാറന്റീൻ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.