ഹോട്ടലുകളും കടകളും രാത്രി 9 മണിവരെ മാത്രം; ഫെസ്‌റ്റിവൽ ഷോപ്പിങിന് നിരോധനം; കേരളത്തിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ അറിയാം

single-img
12 April 2021

സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിത കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പുതിയ തീരുമാനപ്രകാരം ഹോട്ടലുകൾക്കും കടകൾക്കും രാത്രി 9 മണിവരെ മാത്രം പ്രവർത്തിക്കാം. ഈ സമയങ്ങളില്‍ 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ . എന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചത്.

പരമാവധി ആൾക്കൂട്ട സാഹചര്യങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.പൊതു സ്ഥലത്ത് നടക്കുന്ന പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. എന്നിരുന്നാലും രണ്ട് മണിക്കൂറിൽ കൂടുതൽ ചടങ്ങ് നീണ്ട് പോകാൻ പാടില്ല.

അതേസമയം പൊതു പരിപാടികളിൽ സദ്യ പാടില്ല. പായ്‌ക്കറ്റ് ഫുഡ് നൽകാവുന്നതാണ്. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗങ്ങളിൽ 100 പേർക്ക് പങ്കെടുക്കാം. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം.

പൊതു പരിപാടികളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. മെഗാ ഫെസ്‌റ്റിവൽ ഷോപ്പിങിന് നിരോധനം ഉണ്ടാകും. ഇവയ്ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കുമെന്നും അധികൃതർ അറിയിച്ചു. രോഗവ്യാപനം ഇനിയും കൂടിയാൽ പ്രാദേശിക ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ രാവിലെ വ്യക്തമാക്കിയിരുന്നു.