വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ട്; വിശദീകരണവുമായി കെ എം ഷാജി

single-img
12 April 2021

കണ്ണൂര്‍ ജില്ലയിലെ തന്റെ വീട്ടില്‍ നിന്നും അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മുസ് ലിം ലീഗ് എം എല്‍ എ കെ എം. ഷാജി. വിജിലന്‍സ് തന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണത്തിന് രേഖയുണ്ടെന്നും അവ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘എന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണമല്ല അത്. ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായുള്ള പണമാണ്. രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസം സമയം തേടിയിട്ടുണ്ട്’, കെഎം ഷാജി പറഞ്ഞു.

ഇന്ന് നടത്തിയ വിജിലന്‍സ് റെയ്ഡിലാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ മുതല്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ ഒരേസമയം വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു.