രാജ്യത്ത് ഇന്നലെ മാത്രം 1,68,912 പേര്‍ക്ക് കോവിഡ്; റഷ്യയുടെ സ്പുട്നിക്ക് വാക്സീനും അനുമതി നൽകാൻ വിദഗ്ധ സമിതി യോഗം ചേരും

single-img
12 April 2021

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആയി.കോവിഡ് മരണം 1,70,179 ആയി ഉയര്‍ന്നു. നിലവില്‍ 12,01,009 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തി.

അതേ സമയം റഷ്യന്‍ നിര്‍മിത വാക്സീന്‍ സ്പുട്നിക്കിന് രാജ്യത്ത് ഉടന്‍ അനുമതി നല്‍കിയേക്കും. വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതും സംസ്ഥാനങ്ങളിൽ വാക്‌സിൻ ലഭ്യതയിലുണ്ടായ കുറവിന്റെയും പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ 52 രാജ്യങ്ങളിൽ സ്പുട്നിക്ക് ഉപയോഗിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണോ എന്നു തീരുമാനിക്കാൻ ഇന്ന് കേരളത്തില്‍ ഉന്നതതല യോഗം ചേരും.