പൗരത്വ രജിസ്റ്റർ ഗൂർഖകളെ ബാധിക്കില്ല; ഒറ്റ ഗൂർഖയോടും രാജ്യം വിടാൻ പറയില്ല: അമിത് ഷാ

single-img
12 April 2021
Amit Shah NRC Gorkha

ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens- NRC)) ഗൂർഖകളെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ കാലിമ്പോങിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് ഇക്കര്യത്തിൽ നുണപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് ഗിരിനിവാസികളുടെയിടയിൽ ഭീതിപടർത്താൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ കേന്ദ്രത്തിലുള്ളിടത്തോളകാലം ഒരുഗൂർഖയ്ക്കും ഒരാപത്തും ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.

“ പൗരത്വ രജിസ്റ്റർ ഇതുവരെയും നടപ്പാക്കിയിട്ടില്ല. അത് എപ്പോൾ നടപ്പാക്കിയാലും ഒരു ഗൂർഖയോടും രാജ്യം വിടാൻ ആരും പറയില്ല.“ അമിത് ഷാ പറഞ്ഞു.

“ദീദി ബിജെപിയ്ക്കെതിരെ മോശമായി സംസാരിക്കുകയാണ്. ദീദിക്കെതിരെ മൽസരിക്കുന്നത് ബിജെപിയല്ല. വടക്കൻ ബംഗാളിലെ അമ്മമാരും പെങ്ങന്മാരും, രജ്ബോംഗ്ഷി സമുദായം, ഗൂർഖ വിഭാഗം, തേയിലത്തൊഴിലാളികൾ, കർഷകർ എന്നിങ്ങനെ നിരവധി പേരാണ് നിങ്ങൾക്കെതിരെ മൽസരിക്കുന്നത്.“ അമിത് ഷാ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് നേപ്പാളിൽ നിന്നും കുടിയേറിയ ഗൂർഖ വംശജർ ഭൂരിപക്ഷമായ പ്രദേശമാണ് കാലിമ്പോങ്. പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് ഈ വിഭാഗത്തിനിടയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ ഇനി നാലുഘട്ടങ്ങളിലായി 159 മണ്ഡലങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കാനുണ്ട്. ഏപ്രിൽ 29-നാണ് അവസാനഘട്ട തെരെഞ്ഞെടുപ്പ്.