പിണറായി വിജയന്‍ കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി: വി മുരളീധരന്‍

single-img
11 April 2021

മന്ത്രി കെടി ജലീൽ – പിണറായി അവിശുദ്ധ അച്ചുതണ്ടിന്റെ ഒരു കഥ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ‘പാൽപ്പായസ കൂട്ടുകെട്ടി’ന്റെ കയ്പ്പു നിറഞ്ഞ കഥകൾ ഒന്നൊന്നായി വരാനിരിക്കുന്നുവെന്ന് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരൻ.

സംസ്ഥാന ന്യൂനപക്ഷ കോർപ്പറേഷനിൽ ജലീലിന്റെ ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ പിണറായി വിജയൻ ഒപ്പു വച്ചെന്ന് വ്യക്തമായതായും ജലീലും പിണറായിയും ചേർന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനമെന്നും വി മുരളീധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി ! കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ന്യൂനപക്ഷ കോർപ്പറേഷനിൽ ജലീലിന്റെ ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ പിണറായി വിജയൻ ഒപ്പു വച്ചെന്ന് വ്യക്തമായി.

ലോകായുക്ത പുറത്താക്കണമെന്ന് പറഞ്ഞ ജലീലിനെ പിണറായി വിജയൻ സംരക്ഷിക്കുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ജലീലും പിണറായിയും ചേർന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനം.. സ്വജനപക്ഷപാതത്തിന് ഒത്താശ ചെയ്ത പിണറായി വിജയനും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു.

ജലീൽ പിണറായി അവിശുദ്ധ അച്ചുതണ്ടിന്റെ ഒരു കഥ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ‘പാൽപ്പായസ കൂട്ടുകെട്ടി’ന്റെ കയ്പ്പു നിറഞ്ഞ കഥകൾ ഒന്നൊന്നായി വരാനിരിക്കുന്നു. കഷായത്തിൽ ചേർക്കാനുള്ള ഒരു കഴഞ്ച് ചുക്കാണോ ബിരിയാണി ചെമ്പിനുള്ള സ്വർണമാണാ കടത്തിയതെന്നെല്ലാം തെളിയുന്ന കാലം വിദൂരമല്ല.