ഹിന്ദു- മുസ്‌ലിം പ്രണയം പ്രമേയം; പാലക്കാട് സിനിമയുടെ ചിത്രീകരണം തടഞ്ഞ് സംഘപരിവാര്‍

single-img
10 April 2021

ഹിന്ദു- മുസ്‌ലിം പ്രണയം പ്രമേയമാക്കിയ സിനിമയുടെ അണിയറ സംഘത്തിന് നേരെ അക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണമാണ് ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. ആക്രമണത്തിൽ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ തന്നെ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. എന്നാൽ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടശേഷം ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്‌തെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

നിലവിൽ സംഭവം അറിഞ്ഞു പ്രദേശത്ത് പോലീസ് എത്തിയിട്ടുണ്ട്. നിലവിൽ സിനിമയുടെ ചിത്രീകരണം മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍തതകര്‍.