പനിയും, മണവും രുചിയും അറിയാത്ത അവസ്ഥക്കെല്ലാം പുറമെ കോവിഡിന് പുതിയ രോഗ ലക്ഷണങ്ങളും

single-img
10 April 2021

പനിയും തലവേദനയും, മണവും രുചിയും അറിയാത്ത അവസ്ഥയെല്ലാം കോവിഡ് രോഗലക്ഷണങ്ങളാണ്. എന്നാൽ ഇപ്പോൾ പുതുതായി ചില രോ​ഗലക്ഷണങ്ങളും ഉണ്ടായിരിക്കുന്നു. സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങളെ കൂടാതെ ചെങ്കണ്ണ്, കേൾവി നഷ്ടം, ​ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കഠിനമായ ക്ഷീണം എന്നീ  ലക്ഷണങ്ങൾ കൂടി കോവിഡ് രോ​ഗികളിൽ കണ്ടുവരുന്നതായി നിരവധി പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ചെങ്കണ്ണ്: അടുത്തിടെ ചെെനയിൽ നടന്ന പഠനത്തിൽ പറയുന്നത് ചെങ്കണ്ണ് (Conjunctitis) കോവിഡ് അണുബാധയുടെ ലക്ഷണമാകാം എന്നാണ്. കൊറോണ വെെറസിന്റെ പുതിയ വകഭേദം ബാധിച്ച 12 പേരിൽ ചെങ്കണ്ണ് ഉണ്ടായി. കണ്ണുകളിലൂടെ വെെറസ് ശ്വാസകോശത്തിലേക്ക് പടരാൻ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. കണ്ണിലെ ഒക്യുലർ മ്യൂക്കസ് പാളിയിലൂടെയാണ് വെെറസ് പകരുന്നത്. എന്നാൽ വെെറസിന്റെ സാന്നിധ്യം കാഴ്ചയെ ബാധിക്കുമോ എന്നറിയാൻ കൂടുതൽ​ ​പഠനങ്ങൾ ആവശ്യമുണ്ട്. 

കേൾവിത്തകരാർ: കോവിഡ് ബാധ മൂലം കേൾവിക്കുറവും ചെവിയിൽ മുഴക്കവും ഉണ്ടാകുന്നുണ്ടെന്നാണ് പഠനം. ഇന്റർനാഷണൽ ജേണൽ ഓഫ് ഓഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നത് കോവിഡ് ബാധ കേൾവിത്തകരാറുകളിലേക്ക് വഴിയൊരുക്കുന്നുവെന്നാണ്. ചിലരിൽ വെെറസ് ബാധ മൂലം താത്ക്കാലികമായി കേൾവിനഷ്ടം ഉണ്ടാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പഠനത്തിൽ പറയുന്നത് കോവിഡ് ബാധിച്ചവരിൽ 7.6 ശതമാനം പേർക്കും കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. 

​ദഹനസംബന്ധമായ പ്രശ്നങ്ങൾ: പൊതുവേ അപ്പർ റെസ്പിറേറ്ററി സിസ്റ്റത്തിന് ഉണ്ടാകുന്ന അണുബാധയാണ്  കോവിഡ് 19 ന് കാരണം. അതിനാൽ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ പൊതുവേ ആരും കോവിഡുമായി ബന്ധപ്പെടുത്താറില്ല. എന്നാൽ ചില കേസുകളിൽ വയറിളക്കവും ഛർദിയും കോവിഡ് ബാധയുടെ ലക്ഷണങ്ങളായി കണ്ടേക്കാം. ഇത് കരളിലെ എൻസെെമുകളുടെ നില ഉയരാനും ഇവ കാരണമായേക്കും. അതിനാൽ തന്നെ ഈ ലക്ഷണങ്ങളെ ലഘുവായി കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു. ശ്വാസകോശത്തെയാണ് കോവിഡ് ബാധിക്കുന്നതെങ്കിലും ഈ രോ​ഗബാധ വൃക്കകൾ, കരൾ, കുടലുകൾ എന്നീ അവയവങ്ങളെയും ബാധിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. 

കഠിനമായ ക്ഷീണം: കഠിനമായ ക്ഷീണവും ആലസ്യവും കോവിഡ് 19 അണുബാധയുടെ തുടക്കത്തിലെ ലക്ഷണങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിൽ എന്തെങ്കിലും അണുബാധയുണ്ടാകുമ്പോൾ അതിന്റെ പ്രതിപ്രവർത്തനമായി പ്രതിരോധ സംവിധാനത്തിൽ രൂപപ്പെടുന്ന സെെറ്റോകെെനുകളുടെ സാന്നിധ്യം മൂലമാണ് ഇതുണ്ടാകുന്നത്. ശരീരം അണുബാധകളോട് പോരാടുമ്പോൾ ശരീരത്തിന് കടുത്ത ക്ഷീണവും ആലസ്യവും ഊർജമില്ലായ്മയും ഉണ്ടാകും.  

കോവിഡ് രോ​ഗികളുടെ എണ്ണം പ്രതിദിനം കൂടുന്ന സാഹചര്യത്തിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ ലക്ഷണങ്ങളെ കരുതിയിരിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.