ലോകായുക്ത: ജലീലിന്റെ രാജിയാവശ്യം നിരസിച്ച് സർക്കാരും സിപിഎമ്മും; ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ജലീൽ; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

single-img
10 April 2021

ബന്ധുനിയമന വിവാദത്തിൽ ജലീലിനെതിരായ ലോകയുക്ത ഉത്തരവിൽ ജലീലിന്റെ രാജിയാവശ്യം തള്ളി സർക്കാരും സിപിഎമ്മും. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥ ഇല്ലെന്ന് മന്ത്രി എ.കെ ബാലൻ. കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി. അതേസമയം മന്ത്രിയുടെ രാജി ആവശ്യം സർക്കാർ നിരസിച്ചതിനെ തുടർന്നു പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.

എന്നാൽ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ.ടി ജലീൽ. നിയമ വിദഗ്ധരുമായി ആലോചനക്കു ശേഷം ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് ശ്രമം. ലോകായുക്ത ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷം മേൽക്കോടതികളെ സമീപിക്കുമെന്ന് ജലീൽ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി. ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്നാണ് ലോകായുക്തയുടെ നിരീക്ഷണം. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്. റിപ്പോർട്ട് കിട്ടിയാൽ മൂന്നുമാസത്തിനുളളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ്‌ നിയമം.

മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്‌തികരമല്ലെങ്കിൽ ലോകായുക്ത വിഷയം ഗവർണറെ പ്രത്യേക റിപ്പോർട്ട് വഴി അറിയിക്കണം. ആ റിപ്പോർട്ട് ഗവർണർ നിയമസഭയുടെ പരിഗണനയ്ക്ക് വയ്‌ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്‌ടിൽ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുവരെ മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ജലീലിന്റെ രാജി വാങ്ങണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും കാട്ടിയ മന്ത്രി നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞുവെന്നും മുല്ലപ്പള്ളി പറഞ്ഞു.