ബി ജെ പിയുടെ ചാക്കിട്ടുപിടിത്തം തടയാൻ 22 സ്ഥാനാർത്ഥികളെ റിസോർട്ടിലേക്കുമാറ്റി അസമിലെ കോൺഗ്രസ് സഖ്യം

single-img
10 April 2021

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ബി.ജെ.പി.യെ ഭയന്ന് അസമിൽ 22 സ്ഥാനാർഥികളെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം ജയ്‌പുരിലെ റിസോർട്ടിലേക്ക് മാറ്റി. ജയിച്ചാൽ ഇവരെ ബി.ജെ.പി. ‘ചാക്കിട്ടുപിടിക്കുന്നത്’ തടയുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

മൗലാന ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്.), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്.), ഇടതുപക്ഷപാർട്ടികൾ തുടങ്ങി പത്തു പാർട്ടികളാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യത്തിലുള്ളത്. കഴിഞ്ഞ ജൂലായിൽ അട്ടിമറി ഭയന്ന് രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എ.മാരെ പാർപ്പിച്ചിരുന്ന അതേ റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയത്.

തിരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെടുമ്പോൾ കോൺഗ്രസ് സർക്കാരുണ്ടാക്കുന്നത് തടയാൻ ബി.ജെ.പി. പല സംസ്ഥാനങ്ങളിലും ചരടുവലി നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഖ്യകക്ഷികൾ ജാഗ്രതപാലിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.