കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം 48,000ല്‍ ഏറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി

single-img
10 April 2021

ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലുമായി ബിജെപി ജില്ലാ കമ്മിറ്റി. സംഘടനാട്രഷറര്‍ ജെആര്‍ പത്മകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനം ചെയ്ത ജില്ല കമ്മിറ്റി യോഗത്തില്‍ 48,000ല്‍ ഏറെ വോട്ടുകള്‍ കണ്ണന്താനത്തിന് ലഭിക്കുമെന്നാണ് വിയിരുത്തപ്പെട്ടത്.

യോഗത്തിന്റെ അന്തിമ അവലോകനം ഈ മാസം 20ന് നടക്കും.അതേസമയം, എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് ദിവസം പൂഞ്ഞാറില്‍ ബൂത്തില്‍ ഇരിക്കാന്‍ പോലും ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും പ്രവര്‍ത്തനമികവും മുഖ്യ അജണ്ടയാക്കിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍ ജയരാജിന്റെ പ്രചരണം. മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജോസഫ് വാഴക്കന്‍ പ്രവര്‍ത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റവും അദ്ദേഹം ചര്‍ച്ചാവിഷയമാക്കിയിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍.