ഗർഭിണിയായിരിക്കെ വീണ്ടും ഗർഭം ധരിച്ചു; വൈദ്യശാസ്ത്രലോകത്തിന് അത്ഭുതമായി യുവതി

single-img
9 April 2021
Woman gets pregnant while already pregnant

ഒരുതവണ ഗർഭിണിയായിരിക്കെ യുവതി വീണ്ടും ഗർഭം ധരിച്ചു. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയർ സ്വദേശിനിയായ റബേക്ക റോബർട്ട്സാണ് ഗർഭം ധരിച്ച് മൂന്നാഴ്ചയായപ്പോൾ വീണ്ടും ഗർഭം ധരിച്ചത്. മൂന്നാഴ്ചയുടെ വ്യത്യാസത്തിൽ ഗർഭം ധരിച്ച രണ്ട് കുട്ടികളെയും ശസ്ത്രക്രിയയിലൂടെയാണ് സുരക്ഷിതമായി പുറത്തെടുത്തത്.

ഒരുവർഷമായി കുട്ടികളില്ലാതിരുന്ന റബേക്ക- റൈസ് വീവർ ദമ്പതിമാർക്ക് അവിശ്വസനീയമായ വാർത്തയായിരുന്നു രണ്ടാമത്തെ ഗർഭം. ആദ്യത്തെ കുട്ടി ഗർഭത്തിലുള്ളപ്പോൾ തന്നെയായിരുന്നു രണ്ടാമത്തെ ഗർഭവും. അൾട്രാസൗണ്ട് സ്കാനിൻ്റെ റിസൾട്ട് കണ്ടിട്ടാണ് ദമ്പതിമാർക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞത്. നാലാം മാസത്തിലെ സ്കാനിങിലാണ് മൂന്നാഴ്ച വളർച്ചാ വ്യത്യാസമുള്ള മറ്റൊരു കുട്ടിയെ കണ്ടെത്തുന്നത്.

സാധാരണഗതിയിൽ ഗർഭം ധരിച്ച് കഴിയുമ്പോൾ സ്ത്രീകളുടെ ശരീരത്തിൽ അണ്ഡോല്പാദനം നിലയ്ക്കും. എന്നാൽ റബേക്കയുടെ ഗർഭപാത്രത്തിൽ അതിന് ശേഷവും അണ്ഡോല്പാദനം നടന്നതാണ് ഇതിന് കാരണമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. സൂപ്പർഫെറ്റേഷൻ (Superfetation) എന്നാണ് ഈ പ്രതിഭാസത്തിൻ്റെ പേര്. വളരെ അപൂർവ്വമായിട്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. യൂറോപ്യൻ ജേർണൽ ഓഫ് ഒബ്റ്റെട്രിക്സ് & ഗൈനക്കോളജി ആൻഡ് റീപ്രൊഡക്ടീവ് ബയോളജി( European Journal of Obstetrics & Gynecology and Reproductive Biology) 2008-ൽ പുറത്തുവിട്ട കണക്ക്പ്രകാരം ലോകത്തൊട്ടാകെ പത്ത് സൂപ്പർഫെറ്റേഷൻ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഗർഭം എട്ടുമാസം കഴിഞ്ഞപ്പൊൾ രണ്ടാമത്തെ കുട്ടിയുടെ പൊക്കിൾകൊടി വേർപെട്ട സാഹചര്യത്തിൽ രണ്ട് കുട്ടികളെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ആദ്യത്തെ കുട്ടിയായ നോഹയ്ക്ക് നാലു പൗണ്ട് 10 ഔൺസ് ഭാരവും രണ്ടാമത്തെ കുട്ടിയായ റൊസാലിയ്ക്ക് രണ്ടു പൗണ്ട് 7 ഔൺസ് ഭാരവും ഉണ്ടായിരുന്നു. നോഹയെ 21 ദിവസവും റൊസാലീയെ 95 ദിവസവും നിയോ നേറ്റൽ ഇൻ്റസൻസീവ് കെയർ യൂണിറ്റിൽ സൂക്ഷിച്ചിരുന്ന ശേഷമാണ് മാതാപിതാക്കൾക്ക് കൈമാറിയത്.

നോഹയ്ക്കും അവൻ്റെ സഹോദരി റൊസാലിയ്ക്കും ഇപ്പോൾ ആറുമാസം പ്രായമായി. രണ്ടുപേരും ആരോഗ്യത്തോടെയിരിക്കുന്നു.

Woman gets pregnant while already pregnant