നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി

single-img
9 April 2021

18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിംകോടതി. ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം, കണ്‍കെട്ട് വിദ്യ എന്നിവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്. ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിയാണ് സുപ്രീകോടതി തള്ളിയത്. ഇത്തരം ഹരജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ബിജെപി പ്രവര്‍ത്തനായ അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹരജി നല്‍കിയിരുന്നത്. വിവിധ വിഭാഗങ്ങളില്‍ വലിയ തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. കണ്‍കെട്ട് വിദ്യ ഇതിനായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവയെല്ലാം നടക്കുന്നത് നിര്‍ബന്ധിതമായിട്ടാണ്. ഇവ തടയണം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹരജിയാണ് ഇന്ന് കോടതി തള്ളിയത്.

ഇത്തരം ഹരജികളുമായി ഇനി ആരെങ്കിലും സുപ്രീം കോടതിയിലേക്ക് വരികയാണെങ്കില്‍ അവര്‍ക്കെതിരെ പിഴ ചുമത്തുന്നതാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആ സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു.