കൊവിഡ് പ്രോട്ടോക്കോൾലംഘിച്ചു ; നോർവീജിയയില്‍ പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി

single-img
9 April 2021

രാജ്യത്തെകൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കാരണത്താല്‍ പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിച്ച് നോർവീജിയൻ പോലീസ്. പ്രധാനമന്ത്രി ഏണ സോൾബെ​ഗിനാണ് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങളാണ് പ്രധാനമന്ത്രി ലംഘിച്ചതെന്ന് പോലീസ് പറയുന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയിലാണ് ചട്ടലംഘനം നടന്നത്. ഏകദേശം 20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ആഘോഷപരിപാടികൾക്ക് പരമാവധി പത്ത് പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിയമം നിലനിൽക്കേ കുടുംബാം​ഗങ്ങളായ 13 പേരാണ് പിറന്നാൾ ആഘോഷത്തിന് ഒരുമിച്ചു ചേർന്നത്. കഴിഞ്ഞ മാസമായിരുന്നു അറുപതാം പിറന്നാൾ ആഘോഷങ്ങൾ. സംഭവം വിവാദമായപ്പോൾ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു

‘രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. പക്ഷെ നിയമത്തിനു മുന്നില്‍ എല്ലാവരും ഒരുപോലെയല്ല’, പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഓലെ സീവേഡ് പറഞ്ഞു.