സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാന്‍ കാരണം മോശം വസ്ത്രധാരണം; ഇമ്രാന്റെ പരാമര്‍ശത്തിനെതിരെ മാര്‍ട്ടിന നവരത്തിലോവ

single-img
9 April 2021

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാന്‍ കാരണം അവരുടെ മോശം വസ്ത്രധാരണമാണെന്ന വിവാദ പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി ടെന്നീസ് ഇതിഹാസതാരം മാര്‍ട്ടിന നവരത്തിലോവ. തനിക്ക് ഇമ്രാന്‍ ഖാനോട് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹത്തിന് ഇതിനെക്കുറിച്ചൊക്കെ നന്നായി അറിയാമല്ലോ എന്നും മാര്‍ട്ടിന തന്റെ ട്വീറ്റില്‍ എഴുതി.

ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നാവാന്‍ പറ്റില്ലെന്നും മാര്‍ട്ടിന വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം ഒരു ലൈവ് ടെലിവിഷന്‍ ഷോയിലായിരുന്നു ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. സ്ത്രീകള്‍ അവരുടെ പങ്ക് കൃത്യമായി ചെയ്തിരിക്കണമെന്നും പര്‍ദ്ദ ധരിക്കുന്നത് പ്രലോഭനം ഒഴിവാക്കാനാണ്. എല്ലാ ആണുങ്ങള്‍ക്കും ഇച്ഛാ ശക്തിയില്ല. നിങ്ങള്‍ അശ്ലീലത പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നാല്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.