കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ സര്‍ക്കാര്‍ കൈകടത്തില്ല; സിനിമകളുടെ സെൻസറിംഗ് അവസാനിപ്പിക്കാൻ ഇറ്റലി

single-img
9 April 2021

സിനിമകള്‍ക്കുള്ള സെൻസറിംഗ് അവസാനിപ്പിക്കാൻ തീരുമാനവുമായി ഇറ്റലി. ‘കലാകാരന്മാര്‍ക്കുള്ള സ്വാതന്ത്ര്യത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല’ എന്ന പ്രഖ്യാപനത്തോടെയാണ് പുതിയ തീരുമാനം രാജ്യം പുറപ്പെടുവിച്ചത്.

ഇറ്റലിയുടെ സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സിനിമകളിലെ രംഗങ്ങൾ നീക്കാനും ആവശ്യമെന്നാൽ സിനിമകൾ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നൽകുന്ന നിയമമാണ് ഇതോടെ ഇറ്റലിയില്‍ ഇല്ലാതായത്.

1913 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമായിരുന്നു ഇത്. നിയമം ഇല്ലാതായതോടെ ഇനിമുതല്‍ ഇറ്റലിയിൽ പ്രദർശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാൽ കട്ടുകൾ നിർദ്ദേശിക്കാനോ നീക്കം ചെയ്യാനോ സർക്കാരിന് സാധിക്കില്ല.