മമത ബാനര്‍ജിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

single-img
9 April 2021

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനക്കെതിരായ പരാമര്‍ശങ്ങള്‍ക്കാണ് മമതക്കെതിരെ വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചത്. മമതയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. മാര്‍ച്ച് 28, ഏപ്രില്‍ 7 തീയതികളില്‍ കേന്ദ്രസേനക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച് ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

കേന്ദ്ര സേന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ വോട്ടര്‍മാരെ തിരിച്ചയച്ചെന്നുമാണ് മമത ആരോപിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ കേന്ദ്ര പോലീസ് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായും ബാനര്‍ജി ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വോട്ടിംഗ് കമ്പാര്‍ട്ടുമെന്റില്‍ പ്രവേശനം നിഷേധിച്ചാല്‍ നിങ്ങള്‍ എല്ലാവരും പുറത്തുവന്ന് കലാപം നടത്തും. ഏപ്രില്‍ 7 ന് കൂച്ച്ബെഹറില്‍ നടന്ന ഒരു റാലിയില്‍ മമത പറഞ്ഞു. എട്ട് ഘട്ടങ്ങളായുള്ള പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ചു. നാലാം ഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ്.