ഇ ശ്രീധരന്‍ പാലക്കാട് ഓഫീസ് ആരംഭിച്ചു എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം: ബിജെപി ജില്ലാ പ്രസിഡന്‍റ്

single-img
8 April 2021

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ അവിടെ തന്റെ ഓഫീസ് ആരംഭിച്ചു എന്നുള്ളത് പത്രമാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ഇ. കൃഷ്ണദാസ് വിശദീകരിച്ചു. ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ജയിച്ചാലും ജയിച്ചില്ലെങ്കിലും ഓഫീസ് തുടങ്ങുമെന്നും പാലക്കാട്ടെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സേവനവുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു.

ചില വ്യക്തികള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കൃഷ്ണദാസ് പറയുന്നു. ഇതുപോലുള്ള വ്യാഖ്യാനങ്ങള്‍ കേട്ട് ഡിസിസി പ്രസിഡന്‍റ് വേണ്ടാത്ത കമന്‍റുകള്‍ പാസാക്കിയതായി അറിഞ്ഞു. അദ്ദേഹം
കാണിക്കുന്നത് അദ്ദേഹത്തിന്‍റെ സംസ്‌കാരമാണ്.

സംസ്ഥാനത്ത് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തും. പാലക്കാട്ട് ഇ ശ്രീധരന് രാഷ്ട്രീയത്തിനതീതമായ വോട്ടുകള്‍ ലഭിക്കും. സി പി എം. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, പണം കൊടുത്ത് വോട്ട് വാങ്ങി എന്ന ആരോപണം നടത്തിയത് ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാനാണ് സിപിഎം ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ഒരവസരവും ലഭിക്കാത്ത ഒരാളെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതെന്നും കൃഷ്ണദാസ് ആരോപിച്ചു.