“മനുഷ്യനാകണമെന്ന” കവിത; മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

single-img
8 April 2021

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കുവേണ്ടി എഴുതിയ “മനുഷ്യനാകണമെന്ന” കവിതയെ ചൊല്ലിയാണ് ഭീഷണി.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗാനം ശ്രദ്ധിക്കപ്പെട്ട ഈ കവിത രാഹുൽ കൈമല ഒരുക്കുന്ന ചോപ്പ് എന്ന ചിത്രത്തിനായാണ് മുരുകൻ കാട്ടാക്കട കവിതയെഴുതിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലെയാണ് മുരുകൻ കട്ടാക്കടയ്‌ക്കെതിരെ ഭീഷണി ഉയർന്നത്. കോൾ വന്നത് മഹാരാഷ്ട്രയിൽ നിന്നാണെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു.

കണ്ണൂരുകാരൻ എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. താൻ അത്തരത്തിൽ ഒരു കവിത എഴുതിയത് തെറ്റായിപ്പോയെന്ന് അയാൾ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ രാത്രി വരെ തുടർച്ചയായി കോൾ വന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രാവിലെയും കോൾ വന്നു. കടുത്ത ഭീഷണിയാണ് അയാൾ ഉയർത്തുന്നത്. മലദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റുമെന്നൊക്കെ പറഞ്ഞു. കടുത്ത തെറിവിളി ഉണ്ടായെന്നും മുരുകൻ കാട്ടാക്കട വ്യക്തമാക്കി.

താനൊരു നല്ല കവിയായിരുന്നുവെന്നും എന്നാൽ ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാൾ പറഞ്ഞെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. കവിത കൊലപാതകത്തിന് കാരണമാകുമെന്നാണ് അയാളുടെ ആരോപണം.

ശാസ്ത്രീയമായ രീതിയിൽ കാളിദാസനെയൊക്കെ ഉദ്ധരിച്ചാണ് അയാളുടെ സംസാരം. ഇനി ഇങ്ങനെ എഴുതരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ തുടർന്നും എഴുതാൻ തന്നെയാണ് തീരുമാനം. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു.