റമദാന്‍ മാസത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍, നിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ

single-img
7 April 2021
UAE Living together

റമദാന്‍ മാസത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് റമദാനില്‍ നിയന്ത്രണങ്ങള്‍ തുടരാനുള്ള തീരുമാനം. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ റമദാനുമായി താരതമ്യം ചെയ്യുേമ്പാള്‍ ഇക്കുറി നിരവധി ഇളവുകളുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ ഭരണകൂടങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ദുരന്തനിവാരണ സമിതി രാജ്യത്തൊട്ടാകെയുള്ള നിയന്ത്രണങ്ങള്‍ വീഡിയോ സന്ദേശത്തിലൂടെ പുറത്തിറക്കിയത്.

യുഎഇ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

  • ഇഫ്താര്‍ ടെന്റുകള്‍ അനുവദിക്കില്ല,
  • മജ്‌ലിസുകള്‍ പാടില്ല, താമസ സ്ഥലങ്ങളില്‍ ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നത് അനുവദിക്കില്ല, അയല്‍ക്കാരുമായി ഭക്ഷണം പങ്കിടരുത്.
  • പള്ളികളില്‍ ഭക്ഷണം നല്‍കരുത്, സ്ഥാപനങ്ങള്‍ക്ക് ലേബര്‍ കാമ്പുകളില്‍ ഭക്ഷണം നല്‍കാം. എന്നാല്‍, റസ്റ്റാറന്റുകളുമായും ക്യാമ്പ് മാനേജര്‍മാരുമായും ബന്ധപ്പെട്ട് വേണം ഇത് നടപ്പാക്കാന്‍
  • യാചകരെ കണ്ടാല്‍ അധികൃതരെ വിവരം അറിയിക്കണം
  • സാമൂഹിക അകലം പാലിച്ച് തുറസായ സ്ഥലത്തായിരിക്കണം ഭക്ഷണപൊതി വിതരണം
  • റസ്റ്റാറന്റുകളുടെ ഉള്ളിലും മുന്‍വശത്തും ഇഫ്താര്‍ ഭക്ഷണ വിതരണം അനുവദിക്കില്ല
  • ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാവണം ഭക്ഷണം തയാറാക്കേണ്ടത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാക്കറ്റുകളിലായിരിക്കണം ഭക്ഷണ വിതരണം.